
വിദ്യാഭ്യാസ-സാംസ്‌കാരിക വ്യക്തിത്വങ്ങൾ യോഗം ചേർന്നു
പിഎം ശ്രീയ്ക്കും എൻ.ഇ.പി.യ്ക്കും എതിരെ പ്രക്ഷോഭം ശക്തമാക്കും
കൊച്ചി : സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങൾ ഇല്ലാതാക്കുന്ന എൻ.ഇ.പി.യിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ പിഎം ശ്രീയിൽ നിന്ന് പിന്മാറാനുള്ള രാഷ്ട്രീയ തീരുമാനം യു.ഡി.എഫ്. സർക്കാർ എടുക്കണം. സംസ്ഥാനത്തെ ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ അന്തസ്സിനെ തിരിച്ചുപിടിക്കണമെന്നും ജസ്റ്റിസ് പി.കെ. ഷംസുദീൻ ആവശ്യപ്പെട്ടു.
പിഎം ശ്രീയുടെ ആശങ്കകളും പരിഹാരവും ചർച്ച ചെയ്യാൻ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി കച്ചേരിപ്പടി ഗാന്ധിഭവനിൽ വിളിച്ചുചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പിഎം ശ്രീ പദ്ധതി കേരളത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചർച്ച ചെയ്ത യോഗത്തിൽ നിരവധി വിദ്യാഭ്യാസ-സാംസ്‌കാരിക വ്യക്തിത്വങ്ങൾ പങ്കെടുത്തു. പിഎം ശ്രീ-എൻ.ഇ.പി. വിരുദ്ധ വിശാല വേദിയിൽ നിന്നുൾപ്പെടെയുള്ള സംഘടനാ നേതാക്കളും പങ്കെടുത്തു.
ഡോ. സെബാസ്റ്റ്യൻ പോൾ, ജസ്റ്റിസ് പി.കെ. ഷംസുദീൻ, പ്രൊഫ. കെ. അരവിന്ദാക്ഷൻ, ഫാദർ പോൾ തേലക്കാട്ട്, ഡോ. ആസാദ്, എം. ഷാജർഖാൻ, ഡോ. ജോർജ് ജോസഫ്, ഡോ. അജയ് ശേഖർ, പ്രൊഫ. കെ.പി. ശങ്കരൻ, ഫാദർ ഡോക്ടർ പ്രശാന്ത് പാലക്കപ്പിള്ളിൽ അഡ്വ. ഇ.എൻ. ശാന്തിരാജ്, പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
പിഎം ശ്രീ ഒരു ട്രോജൻ കുതിര – ഡോ. സെബാസ്റ്റ്യൻ പോൾ
പിഎം ശ്രീ പദ്ധതി നിഗൂഢ അജണ്ടകൾ നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ ട്രോജൻ കുതിരയാണെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
കഴിഞ്ഞ സർക്കാർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും അതിൽ തിരുത്തൽ വരുത്താൻ പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴടങ്ങുന്ന ധാരണാപത്രത്തിലാണ് കഴിഞ്ഞ സർക്കാർ മന്ത്രിസഭയുടെ അറിവില്ലാതെ ഒപ്പുവെച്ചത്. അതിനാൽ, ഈ സർക്കാർ നമ്മുടെ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് എം. ഷാജർഖാൻ പറഞ്ഞു.
എൻ.ഇ.പി.യ്ക്കും പിഎം ശ്രീയ്ക്കുമെതിരായ പ്രക്ഷോഭം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. സർക്കാർ നിയോഗിക്കുന്ന സബ് കമ്മിറ്റിക്ക് മുമ്പാകെ വിഷയങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google









